ഏഴിമല നാവിക അക്കാദമി

ഇന്ത്യന്‍ നാവികസേനയുടെ ഏകപരിശീലന പഠനകേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി. രാമായണ കാലത്തോളം പുരാതനമായ ഭൂമിയില്‍, ഇന്ത്യന്‍ സേനയ്ക്ക് ഒരു അഭിമാന കലാലയം. ഏഴിമലദേശത്തിന്റെ ഇതിഹാസ- ചരിത്ര പ്രസിദ്ധിയിലൂടെ നാവിക അക്കാദമിയെ അറിയുക.



ചരിത്രം പിറക്കുന്നതിനും മുമ്പായിരുന്നു അത്.

ലങ്കയില്‍ അന്ന് മറ്റൊരു യുദ്ധം പൊടിപാറുകയായിരുന്നു.
രാവണസേനയുടെ ശൗര്യത്തില്‍ അല്‍പം പകച്ചുപോയി ശ്രീരാമസേന.അമ്പേറ്റ സോദരന്‍ ലക്ഷ്മണന്റെ ശിരസ്സ് സ്വന്തം മടിയിലെടുത്ത് വെച്ച് ശ്രീരാമന്‍ തലോടി.അനന്തരം ഭഗവാന്‍ ഹനുമാനെ അന്വേഷിച്ചു.
''അനിയന്‍ ലക്ഷ്മണന്‍ ഉണരണമെങ്കില്‍ മൃതസഞ്ജീവനി വേണമെന്ന് എല്ലാവരും പറയുന്നു.ഹിമാലയത്തിലെവിടെയോ അതുണ്ട്.'' ഹനുമാന്‍ ഉത്തരദിക്ക് ലക്ഷ്യം വച്ചു പറന്നു.ഹിമാലയസാനുക്കളില്‍ മൃതസഞ്ജീവനി തിരഞ്ഞ് അന്തം വിട്ട ആഞ്ജനേയന്‍ പര്‍വ്വതത്തിന്റെ ഒരു ഭാഗം ഉള്ളം കൈയിലാക്കി വന്ന വഴിക്ക് തിരികെ പറന്നു-ലങ്കയില്‍ ശ്രീരാമസവിധത്തിലേക്ക്.
പോകുംവഴി ഉള്ളംകൈ ഒന്നു വിറച്ചിരിക്കാം. മരുത്വാമലയുടെ ഒരു കഷ്ണം വഴിയില്‍ വീണു.വീണിടത്ത് ഏഴ് മലകളുണ്ടായി. അങ്ങനെ ഏഴിമലയുണ്ടായെന്ന് ഐതിഹ്യം.ഏഴിമല പിറന്ന മണ്ണിന് ശ്രീരാമനോടുള്ള കടപ്പാടെന്നോണം രാമന്തളിയെന്ന പേരും ഉണ്ടായി.ഒരുയുദ്ധത്തിന്റെ ഇടവേളയിലുണ്ടായ വിസ്മയം.
ചരിത്രം ഇല്ലാത്ത കാലം ചരിത്രം എഴുതുന്ന കാലത്തിലേക്ക് കാലെടുത്തു വെച്ചു.

ലോകത്തിന്റെ പല പല കോണുകളില്‍ നിന്ന് സഞ്ചാരികള്‍ കാണാക്കരകള്‍ തേടി യാത്രതിരിച്ചു. തീരങ്ങള്‍ തേടിയിറങ്ങിയവര്‍ യാനങ്ങളില്‍ തിരകളെ മുറിച്ചുമാറ്റി പുതിയ ലോകങ്ങളുടെ വിസ്മയങ്ങള്‍ മതിവരുവോളം കണ്ടു.ചിലരാകട്ടെ അത്ഭുതങ്ങളെ അക്ഷരങ്ങളായി പകര്‍ത്തി.സഞ്ചാരചരിത്രം പിറക്കുകയായി.
കൊല്ലവര്‍ഷം 1298.

മാര്‍ക്കോ പോളോ ഏഴിമല വഴി കടന്നു പോയി.
''പടിഞ്ഞാറൊരിടത്തായിരുന്നു ആ നാട്.ഏളിയെന്നാണ് ആ നാട്ടുരാജ്യത്തിന്റെ പേര്. കുമരിയില്‍നിന്ന്(കന്യാകുമാരി) 300 മൈല്‍ അകലെയാണിത്. നല്ല തുറമുഖങ്ങളൊന്നും ഇവിടെയില്ല. എന്നാല്‍ ഒരുപാട് പുഴകളും അഴിമുഖങ്ങളും ഉണ്ട്. അതാകട്ടെ വീതിയേറെയുള്ളതും ആഴം കൂടിയതും.''
1343-ല്‍ ഇബ്‌നു ബത്തൂത്ത ഏഴിമല കാണുമ്പോഴേക്കും അവിടെ വലിയൊരു തുറമുഖം ഉണ്ടായിക്കഴിഞ്ഞിരുന്നു.
''ഞങ്ങളുടെ നാവികര്‍ ദൂരെ ഹിലി(എലി) യിലേക്കു തുഴഞ്ഞു. രണ്ടു ദിവസമെടുത്തു അവിടെയെത്താന്‍. ഒരു വലിയ തുറമുഖത്തിന്റെ കരയില്‍ പണിത മനോഹരമായ നഗരമായിരുന്നു അത്.''
പിന്നെയും സഞ്ചാരികള്‍ ഏഴിമല കാണാനെത്തി. അവിടം നിറയെ എലികളായതിനാല്‍ ഒരു ഗ്രാമം പണിയാന്‍ പോലും സാധിക്കാത്തതിനെക്കുറിച്ച് കോറിയ എഴുതി. ഏഴിമലക്കരികെയുള്ള ബലിയപട്ടണത്തെക്കുറിച്ചാണ് ഹാമില്‍ട്ടന്റെ വിവരണം. ഏഴിമലയെ കാണാതെ ഇതുവഴിആര്‍ക്കും പോകാനായില്ല. ഈവഴി പോയവര്‍ക്ക് ഏഴിമലയെക്കുറിച്ച് എഴുതാതിരിക്കാനുമായില്ല.
സംഘകാല സാഹിത്യത്തിലാണ് ഏഴിമലയെക്കുറിച്ചുള്ള ഒട്ടേറെ വിവരണമുള്ളത്്.ഏഴിമലരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. 'ഏഴില്‍ മലൈ' എന്നാണ് ഇതില്‍ ഒരിടത്ത് ഏഴിമലയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
മൂഷകവംശത്തിന്റെ ആസ്ഥാനമായിരുന്നു ചരിത്രത്തിലെ ഏഴിമല. മൂഷകരാജാവായ നന്ദന്റെ കാലത്ത് രാജവംശം അതിന്റെ കീര്‍ത്തിയുടെ പരമകോടിയിലെത്തി. ഏഴിമലയും അതിനൊപ്പം കീര്‍ത്തി നേടി. നാവികരുടെ ഇഷ്ടപ്പെട്ട താവളമായി ഏഴിമല. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത ഒരു സ്ഥലമായിരുന്നു ഇതെന്ന് ചരിത്രാവശിഷ്ടങ്ങള്‍ തെളിവു നല്‍കുന്നു. ചരിത്രഗതിക്കിടെ മൂഷകവംശം കോലത്തിരി നാട്ടുരാജ്യമായി. അതില്‍നിന്നു ചിറക്കല്‍ രാജവംശം പിറന്നു. ജനപദങ്ങളും ചക്രവര്‍ത്തികളും കടപുഴകിയിട്ടും ഏഴിമല മാത്രം തലയുയര്‍ത്തി നിന്നു. ഒരു യുദ്ധസ്മരണയില്‍ പിറവികൊണ്ട്, യുദ്ധങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഏഴിമല ആധുനിക ചരിത്രത്തിലും രാജ്യസുരക്ഷയെന്ന അതിപ്രധാന ദൗത്യം തന്നെ നിര്‍വഹിക്കുന്നു.
രാജാക്കന്‍മാരെ കൈവിട്ട ഏഴിമല ഇന്ന് ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കേന്ദ്രമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാദമി.
ലക്ഷ്യം മഹത്തരം

ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി. പടിഞ്ഞാറ് വശത്ത് അറബിക്കടലിന്റെ ഗരിമ. വടക്കും കിഴക്കുമായി കവ്വായിക്കായലിന്റെ ശാലീനത. മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ഏഴോളം മലകളുടെ മടിത്തട്ടില്‍ ഏഴിമല നാവിക അക്കാദമിക്ക് ഗാംഭീര്യം മാത്രമല്ല, സൗന്ദര്യവും അത്രയേറെയുണ്ട്. നാവികസേനയില്‍ വിവിധ സ്‌കീമുകളിലായി തിരഞ്ഞെടുക്കപ്പെടുന്ന ഓഫീസര്‍മാര്‍ക്കു പരിശീലനം നല്‍കുന്നത് ഇവിടെയാണ്..
സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന , കായികമായി ബലവാനായ, മാനസികമായി ഉണര്‍ന്നിരിക്കുന്ന, സാങ്കേതികജ്ഞാനം തികഞ്ഞ പോരാളികളെ വാര്‍ത്തെടുക്കുകയാണ് അക്കാദമിയുടെ പരമമായ ലക്ഷ്യം. നാവികസേനയ്ക്കായി എല്ലാം തികഞ്ഞവരെ തന്നെ വാര്‍ത്തെടുക്കുകയെന്നതില്‍ കുറഞ്ഞ ഒന്നും അക്കാദമിയുടെ അജണ്ടയിലില്ല.
കണ്ണൂര്‍ നഗരത്തിനു 35 കിലോമീറ്റര്‍ വടക്കു മാറിയാണ് ഏഴിമല നാവിക അക്കാദമി. പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. രാജധാനി, സമ്പര്‍ക്കക്രാന്തി,ജോധ്പൂര്‍, മരുസാഗര്‍ എക്‌സ്​പ്രസ് എന്നിവ ഒഴിച്ചുള്ള എല്ലാ തീവണ്ടികളും പയ്യന്നൂരില്‍ നിര്‍ത്തും. മംഗലാപുരമാണ് അടുത്ത വിമാനത്താവളം. കണ്ണൂരില്‍നിന്നും പയ്യന്നൂരില്‍ നിന്നും ഏഴിമലയിലേക്ക് ബസ് സര്‍വീസുണ്ട്. മുന്‍കൂട്ടിയുള്ള അനുവാദം വേണം പ്രവേശനത്തിന്.
മെയിന്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും അനുബന്ധ കെട്ടിടങ്ങളും പരേഡ് ഗ്രൗണ്ടും നാലു സ്‌ക്വാഡ്രണുകളും കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസത്തിനുള്ള കെട്ടിടങ്ങളും അടങ്ങിയതാണ് നേവല്‍ അക്കാദമി. പ്രധാനകെട്ടിടത്തെയും അനുബന്ധകെട്ടിടങ്ങളെയും തമ്മില്‍ ഇടനാഴികള്‍ മുഖേന ബന്ധിപ്പിച്ചിട്ടുണ്ട്.കെട്ടിടങ്ങള്‍ക്കെല്ലാം ആധുനികതയുടെ മുഖമാണ്.മലയടിവാരങ്ങളില്‍ വിശാലമായി കിടക്കുന്ന കെട്ടിടങ്ങളുടെ ദൂരക്കാഴ്ച അതീവസുന്ദരമാണ്.കാമ്പസിനകത്തെ ആസ്​പത്രിയുടെ നിര്‍മ്മാണജോലികള്‍ പുരോഗമിച്ചു വരുന്നു.
പരിസ്ഥിതിക്ക് പരിക്കേല്‍പ്പിക്കാതെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളോരോന്നും. ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകള്‍ക്കും മരങ്ങള്‍ക്കും ഇടയിലൂടെയുള്ള വിശാലമായ റോഡുകള്‍ ഒരു ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര ഓര്‍മ്മിപ്പിക്കും.
അക്കാദമിക്കു പിന്നില്‍ ജലപരിശീലനത്തിനുള്ള കായലാണ്.അതിനും അപ്പുറം അറബിക്കടലിന്റെ ഇരമ്പം.ഇവിടെയുള്ള ബീച്ചും നേവിയുടെ അധീനതയിലാണ്.
ഇന്ത്യയിലെ ഒരേയൊരു നാവിക ഓഫീസര്‍ പരിശീലനകേന്ദ്രമാണ് ഏഴിമല നാവികഅക്കാദമി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാദമി കൂടിയാണിത്. 1987-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അക്കാദമിക്ക് തറക്കല്ലിട്ടത്. 2005ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇവിടുത്തെ ബേസ് ഡിപ്പോയാണ് ഐ.എന്‍.എസ്. സാമൂതിരി. 2009 ജനവരി 8-ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് അക്കാദമി രാജ്യത്തിനു സമര്‍പ്പിച്ചു. ''നാവിക ശക്തി എന്നതിന് യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പ് എന്ന അര്‍ത്ഥം മാത്രമല്ല ഉള്ളത്. അന്താരാഷ്ട്ര നയതന്ത്രത്തിനും ഊര്‍ജ്ജസുരക്ഷയ്ക്കും വാണിജ്യത്തിനും സമുദ്രവിഭവങ്ങളുടെ ഗുണപരമായ ചൂഷണത്തിനും കടലുകളെ സംഘര്‍ഷരഹിതമായി കാക്കുന്നതിലും നാവികസേനയ്ക്ക് മഹത്തായ പങ്കാണുള്ളത്''-ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.
2452 ഏക്കര്‍ വിസ്തൃതിയിലാണ് അക്കാദമിയുടെ കിടപ്പ്. ആധുനികരീതിയിലുള്ള കെട്ടിടങ്ങളാണ് എല്ലാം തന്നെ. ക്ലാസ് റൂമുകള്‍, ലബോറട്ടറികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ലൈബ്രറി, ഓഡിറ്റോറിയം എന്നിവ അടങ്ങിയതാണ് പ്രധാന സമുച്ചയം. കായികപരിശീലനത്തിനുള്ള ഇന്‍ഡോര്‍ സ്വിമ്മിങ് പൂള്‍,അത്‌ലറ്റിക്‌സ് ട്രാക്കും സ്റ്റേഡിയവും, കളിസ്ഥലങ്ങള്‍, ഫയറിങ്ങ് റേഞ്ച്, ജലപരിശീലന കേന്ദ്രം എന്നിവയും ഇവിടെയുണ്ട്.
2005-ല്‍ തന്നെ നേവല്‍ ഓറിയന്‍േറഷന്‍ കോഴ്‌സുകള്‍ തുടങ്ങിയെങ്കിലും 2009 ജൂണിലാണ് പരിശീലനം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ തുടങ്ങിയത്. പുതുതായിവരുന്ന ട്രെയിനികള്‍ക്കായി ഇലനേക്ട്രാണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നിവയില്‍ ബി.ടെക് പ്രോഗ്രാം ഈ വര്‍ഷം മുതല്‍ തുടങ്ങിക്കഴിഞ്ഞു. പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് ഇതില്‍ ചേരാനുള്ള അവസരം. ബിരുദധാരികളെ ഉദ്ദേശിച്ച് 20 ആഴ്ച നീളുന്ന നേവല്‍ ഓറിയന്‍േറഷന്‍ കോഴ്‌സുകളും നടത്തുന്നു. പരിശീലനം കഴിയുന്നതോടെ അത്യാകര്‍ഷക ശമ്പളത്തോടെ നേവിയില്‍ വിവിധ കേഡറുകളില്‍ നിയമനവും.
600 ട്രെയിനികളെ പരിശീലിപ്പിക്കാനുള്ള സൗകര്യമാണിപ്പോഴുള്ളത്. 2013 ഓടെ ഇത് 1200 ഓളം ആവും. കൂടുതല്‍ പേര്‍ക്ക് അവസരം വരും വര്‍ഷങ്ങളില്‍ ലഭിക്കുമെന്നര്‍ത്ഥം.
നേവിക്കു പുറമെ കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍ ട്രെയിനിമാര്‍ക്കും സൗഹൃദരാജ്യങ്ങളിലെ ട്രെയിനികള്‍ക്കും ഏഴിമലയില്‍ പരിശീലനം നല്‍കുന്നു.
161 ഓഫീസര്‍മാര്‍, 47 അധ്യാപകര്‍, 502 സെയിലര്‍മാര്‍, 557 സിവിലിയന്‍മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ അക്കാദമി കാമ്പസിലെ അംഗബലം ഏതാണ്ട് 4000 വരും. ഒരു ടൗണ്‍ഷിപ്പായി ഏഴിമല ഉയരും.

ഏഴിമലയിലെ പ്രവേശനം.

പെര്‍മനന്റ്, ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വിഭാഗങ്ങളിലായാണ് ഏഴിമലയില്‍ പരിശീലനത്തിനായി ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത്. 10+2 (ടെക്്) കേഡറ്റ് എന്‍ട്രി, എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി എന്നിവ ഒഴിച്ചുള്ള എല്ലാ പെര്‍മനെന്റ് കമ്മീഷന്‍ എന്‍ട്രികളിലേക്കും ട്രെയിനികളെ തിരഞ്ഞെടുക്കുന്നത് യു.പി.എസ്.സി. നടത്തുന്ന പരീക്ഷയിലൂടെയാണ്. തുടര്‍ന്ന് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖം നടത്തും. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പ്രവേശനത്തിന് എഴുത്തുപരീക്ഷയില്ല. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഷോര്‍ട്ട് സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മെറിറ്റിന്റെയും ഒഴിവിന്റെയും അടിസ്ഥാനത്തില്‍ പെര്‍മനെന്റ് കമ്മീഷന്‍ തിരഞ്ഞെടുക്കാം.

സ്ത്രീകള്‍ക്കും പ്രവേശനം

നേവല്‍ ആര്‍ക്കിടെക്റ്റ്, ലൊ, ലോജിസ്റ്റിക്, എ.ടി.സി. & എജുക്കേഷന്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് ഏഴിമലയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍വഴി പ്രവേശനം ലഭിക്കും. ഇവര്‍ക്കും മെറിറ്റടിസ്ഥാനത്തില്‍ പെര്‍മനെന്റ് കമ്മീഷന്‍ ലഭിക്കാം.
പ്രവേശന യോഗ്യതയുടെ കാര്യത്തില്‍ നേവിക്ക് കാര്‍ക്കശ്യമുണ്ട്. അംഗീകൃത ബിരുദം ഉള്ളവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. സ്‌പോര്‍ട്‌സിലും മറ്റുമുള്ള കഴിവുകള്‍ അംഗീകരിക്കപ്പെടും.
(വിവിധ കോഴ്‌സുകളും പ്രവേശന യോഗ്യതകളും പട്ടികയില്‍)
പരിശീലനകാലം മുതല്‍ എല്ലാ ചെലവുകളും വഹിക്കുന്നത് നേവിയാണ്. പരിശീലനം കഴിഞ്ഞാല്‍ നേവിയിലെ വിവിധ കേഡറുകളില്‍ നിയമനം ലഭിക്കും. എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഏവിയേഷന്‍ ഓഫീസര്‍, സബ് മറൈന്‍ ഓഫീസര്‍, ഹൈഡ്രോഗ്രാഫിക് ഓഫീസര്‍, നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, പ്രോവോസ്റ്റ് ഓഫീസര്‍, ലോ ഓഫീസര്‍, ലോജിസ്റ്റിക് ഓഫീസര്‍ തുടങ്ങിയവയാണ് നേവിയിലെ വിവിധ തസ്തികകള്‍.
കേരളത്തിനു ലഭിച്ച വരദാനമാണ് ഏഴിമല നാവിക അക്കാദമി. ഉയര്‍ന്ന സാമൂഹ്യ പദവിയും ഏറ്റവും മികച്ച ജോലികളിലൊന്നും സര്‍വോപരി രാജ്യത്തെ സേവിക്കാനുമുള്ള അവസരവുമാണ് ഏഴിമല നാവിക അക്കാദമി മലയാളിക്ക് നല്‍കുന്നത്. അത് പ്രയോജനപ്പെടുത്തുക തന്നെ വേണം.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post