പോലീസാവാം

ആധുനികരാഷ്ട്രങ്ങളുടെ നിലനില്‍പിന് അനിവാര്യമായ സ്ഥാപനങ്ങളിലൊന്നാണ് പോലീസ്. സാമൂഹികജീവിതത്തിന്റെ ആരംഭം തൊട്ടാണ്, സമൂഹത്തിലെ മറ്റുവ്യക്തികളുടെ സ്വാതന്ത്ര്യത്തെയും സുസ്ഥിതിയെയും ഹനിക്കാതെ ജീവിക്കാനുള്ള ബോധം മനുഷ്യര്‍ക്കിടയില്‍ വളര്‍ന്നത്. അതുകൊണ്ട് സ്വന്തം മനസ്സാക്ഷി തന്നെയാണ് പോലീസിങ്ങിന്റെ ആദ്യത്തെ രൂപം എന്നുപറയാം. നിലനില്‍ക്കുന്ന നിയമസംവിധാനത്തെ പരിരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പോലീസ് സംവിധാനത്തിന്റെ ദൗത്യം. കുറ്റാന്വേഷണവിഭാഗം, ക്രമസമാധാന പാലനം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളായിട്ടാണ് ഇന്ന് പോലീസ് പ്രവര്‍ത്തിക്കുന്നത്.
കേരളാ പോലീസ്


കേരളത്തില്‍ ഇന്നുകാണുന്ന ആധുനികപോലീസ് സംവിധാനം ആരംഭിച്ചത് സംസ്ഥാനരൂപവത്കരണത്തോടെയാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രവിശ്യ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭരണസംവിധാനത്തിനു കീഴിലായിരുന്നു കേരളം. എല്ലാ രാജ്യങ്ങളിലും പരമ്പരാഗതമായ പോലീസ് സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലും 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് പോലീസ് സംവിധാനത്തിന് ഏകീകൃത രൂപമുണ്ടാക്കിയത്. തിരുവിതാംകൂറില്‍ ദിവാന്‍ ഉമ്മിണിത്തമ്പിയും കൊച്ചിയില്‍ കേണല്‍ മണ്‍റോയുമാണ് ചിട്ടയായ പോലീസ് സംവിധാനം നടപ്പാക്കുന്നതില്‍ പ്രമുഖപങ്കുവഹിച്ചത്. തിരുവിതാംകൂറില്‍ 1881-ല്‍ ദിവാന്‍ രാമയ്യങ്കാരുടെ ശുപാര്‍ശപ്രകാരം പോലീസ് സേനയെ മജിസ്‌ട്രേറ്റില്‍നിന്നുമാറ്റുകയും പോലീസ് സൂപ്രണ്ട് തലവനായി ഒരു പ്രത്യേകവകുപ്പ് രുപവത്കരിക്കുകയും ചെയ്തു. ഒലിവര്‍ എച്ച്. ബോന്‍സിലിയായിരുന്നു ആദ്യ സൂപ്രണ്ട്.

പിന്നീട് വകുപ്പു മേധാവിയുടെ പദവി കമ്മീഷണര്‍ എന്നാക്കി. സി.ബി. കണ്ണിങ്ഹാം ആയിരുന്നു ആദ്യ കമ്മീഷണര്‍. 1938-ല്‍ വകുപ്പുമേധാവിയുടെ പദവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നാക്കി. ഖാന്‍ ബഹാദൂര്‍ സയ്യിദ് അബ്ദുള്‍ കരീം സുഹ്രവര്‍ദിയായിരുന്നു ആദ്യ ഐ. ജി. തിരുവനന്തപുരമാണ് കേരള പോലീസിന്റെ ആസ്ഥാനം. 'മൃദു ഭാവെ ദൃഢ കൃത്യേ' (മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മ്മങ്ങള്‍) എന്നാണ് പോലീസിന്റെ ആപ്തവാക്യം. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഏകദേശം 42,000 ത്തോളം പോലീസുകാരാണ് വിവിധവിഭാഗങ്ങളിലായുള്ളത്. 49 പോലിസ് സബ് ഡിവിഷനുകളിലെ 190 സര്‍ക്കിളിലായി 433 പോലിസ് സ്റ്റേഷനുകളുണ്ട്. കൂടാതെ 9 ട്രാഫിക്ക് സ്റ്റേഷനുകളും 3 വനിതാ സ്റ്റേഷനുകളുമുണ്ട്. ഒരു വര്‍ഷം ഏകദേശം 1,75,000 കേസുകള്‍ കേരളപോലീസ് കൈകാര്യം ചെയ്യുന്നുണ്ട്. ഡി. ജി. പി. (ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്) യാണ്‌കേരള പോലീസിന്റെ തലവന്‍. ജേക്കബ് പുന്നൂസ് ഐ.പി.എസ് ആണ് ഇപ്പോഴത്തെ ഡി. ജി. പി.

ഭരണസൗകര്യത്തിനായി വകുപ്പിനെ ഉത്തരമേഖല, ദക്ഷിണമേഖല എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. എ.ഡി.ജി.പി. ക്കാണ് ഈ മേഖലകളുടെ ചുമതല. ഈ രണ്ടുമേഖലകളെയും വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. തെക്കന്‍ മേഖലയെ എറണാകുളം, തിരുവനന്തപുരം മേഖലകളായും വടക്കന്‍മേഖലയെ കണ്ണൂര്‍, തൃശ്ശൂര്‍ മേഖലകളായുമാണ് തിരിച്ചിരിക്കുന്നത്. ഓരോന്നും ഓരോ ഐ.ജി മാര്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എസ്.പി മാര്‍ കണ്ണൂര്‍ ഐ. ജി ക്ക്് കീഴിലും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എസ്. പിമാര്‍ തൃശ്ശൂര്‍ ഐ. ജി ക്ക് കീഴിലും ആലപ്പുഴ, കോട്ടയം, എറണാകുളം (റൂറല്‍, സിറ്റി) ഇടുക്കി മേഖലകള്‍ എറണാകുളം ഐ. ജി ക്ക്് കീഴിലും തിരുവനന്തപുരം (റൂറല്‍, സിറ്റി), കൊല്ലം, പത്തനംതിട്ട മേഖലകള്‍ തിരുവനന്തപുരം ഐ.ജി ക്കു കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളെ സിറ്റി-റൂറല്‍ പോലീസ് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ റവന്യൂജില്ലയും പോലീസ് ജില്ലയും ഒന്നാണ്.

കേരള പോലീസ് വിഭാഗങ്ങള്‍


സ്‌പെഷല്‍ബ്രാഞ്ച്

കേരളാപോലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് സ്‌പെഷല്‍ ബ്രാഞ്ച് സി. ഐ.ഡി. സ്‌പെഷല്‍ ബ്രാഞ്ചിന് ഇന്റലിജന്‍സ്, സെക്യൂരിറ്റി എന്നിങ്ങനെ രണ്ടുവിഭാഗങ്ങളുണ്ട്. എ.ഡി.ജി.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ മേധാവി. വി.ഐ.പികള്‍ക്കും പ്രത്യേക സാഹചര്യത്തില്‍ സുരക്ഷ ആവശ്യമായി വരുന്നവര്‍ക്കും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തേണ്ടത് സ്‌പെഷല്‍ബ്രാഞ്ചിലെ സുരക്ഷാവിഭാഗത്തിന്റെ ചുമതലയാണ്. വി.വി.ഐ.പി.കള്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ സുരക്ഷ ഉറപ്പാക്കേണ്ടതും ഈ വിഭാഗമാണ്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും സെക്യൂരിറ്റി വിഭാഗത്തിലാണ്.

സായുധസേന


അവശ്യസന്ദര്‍ഭങ്ങളില്‍ രംഗത്തിറങ്ങേണ്ട റിസര്‍വ് പോലീസ് ആയിട്ടാണ് സായുധസേന പ്രവര്‍ത്തിക്കുന്നത്. ജില്ലാ പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് ഇവര്‍ ക്രമസമാധാന പ്രശ്‌നത്തില്‍ ഇടപെടുകയും ദൗത്യം പൂര്‍ത്തിയാക്കിയശേഷം സായുധസേനാ ക്യാമ്പിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഇവര്‍ക്ക് കേസ് കൈകാര്യംചെയ്യാനുള്ള അധികാരമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ട് സായുധസേനാ വിഭാഗങ്ങളിലായി കേരളപോലീസിന് ഏകദേശം 6,755 അംഗങ്ങളുണ്ട്. സ്‌പെഷല്‍ ആംഡ് പോലീസ് (തിരുവനന്തപുരം), മലബാര്‍ സ്‌പെഷല്‍ പോലീസ് (മലപ്പുറം), കെ.എ.പി-1 (തൃശ്ശൂര്‍) കെ.എ.പി. -2 (പാലക്കാട്), കെ.എ.പി-3 (അടൂര്‍), കെ.എ.പി. -4 (കണ്ണൂര്‍), കെ.എ.പി-5 (മണിയാര്‍), റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (പാണ്ടിക്കാട്) എന്നിവയാണ് സായുധസേനാ വിഭാഗങ്ങള്‍.

ക്രൈംബ്രാഞ്ച്


പ്രമാദമായതും ഏറെ സങ്കീര്‍ണമായതുമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ക്രൈംബ്രാഞ്ച് (സി. ബി. സി.ഐ.ഡി). സാമുദായിക സംഘര്‍ഷങ്ങള്‍, കള്ളനോട്ട്‌കേസ്, പാസ്സ്‌പോര്‍ട്ട്-വിസ സംബന്ധിച്ച കേസുകള്‍ എന്നിവയും ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. ഒരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുക. സംസ്ഥാന സര്‍ക്കാറിനോ കോടതിക്കോ ഡി.ജി.പി.ക്കോ ക്രൈംബ്രാഞ്ചിനോട് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടാം. സി.ബി.സി.ഐ.ഡി ക്കുതന്നെയും കേസ് ഏറ്റെടുക്കാം.

ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍


സൈബര്‍ കുറ്റകൃത്യങ്ങല്‍ വ്യാപകമായതോടെ 2006-മെയിലാണ് സംസ്ഥാനത്ത് ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍ സ്ഥാപിതമായത്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് ക്രൈം എന്‍ക്വയറി സെല്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തില്‍ ഉപയോഗിക്കാനുമുള്ള പരിശീലനവും തുടങ്ങിയിട്ടുണ്ട്. ഹാക്കിങ്ങ്, സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ ദുരുപയോഗം ചെയ്യുക, അശ്ലീല ഇ-മെയില്‍-എസ്. എം.എസ് എന്നിവ അയയ്ക്കുക, സൈബര്‍ വഞ്ചന തുടങ്ങിയവയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ കുറ്റങ്ങള്‍.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ


പോലീസ് കമ്പ്യൂട്ടര്‍ സെന്റര്‍, പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍സ്, ക്രിമിനല്‍ ഇന്റലിജന്‍സ് ബ്യൂറോ (സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ), ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫോട്ടോഗ്രാഫിക്ക് ബ്യൂറോ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. ഐ.ജിയാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ മേധാവി. പോലീസ് വകുപ്പിന്റെ കമ്പ്യൂട്ടര്‍വത്കരണവും പുതിയ സോഫ്ട്‌വെയര്‍ വികസിപ്പിക്കലുമാണ് കമ്പ്യൂട്ടര്‍ സെന്ററിന്റെ ദൗത്യം. പോലീസിന്റെ വയര്‍ലെസ്സ് സംവിധാനം നിയന്ത്രിക്കുന്നത് ടെലി കമ്മ്യൂണിക്കേഷന്‍സ് വിഭാഗമാണ്. കുറ്റകൃത്യങ്ങളുടെ എല്ലാതരത്തിലുമുള്ള കണക്കുകളും സൂക്ഷിക്കുന്നത് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ്.

ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറി


1961- ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായി. ബാലിസ്റ്റിക്ക്, ബയോളജി, സിറോളജി, കെമിസ്ട്രി, എക്‌സ്‌പ്ലോസിവ്‌സ്, ഡോക്യുമെന്റ്‌സ്, ഡോക്യുമെന്റ്‌സ് (സിവില്‍), ഫിസിക്‌സ് എന്നിങ്ങനെ ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്ക് എട്ട് വിഭാഗങ്ങളുണ്ട്. ഡയറക്ടറാണ് ലബോറട്ടറിയുടെ മേധാവി. എല്ലാ ജില്ലകളിലും ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറികളുണ്ട്.

ഡോഗ് സ്‌ക്വാഡ്


കേരളത്തിലെ എല്ലാ പോലീസ് ജില്ല കളിലും പോലീസ് നായകളുടെ കെന്നല്‍ ഉണ്ട്. ട്രാക്കര്‍, സ്‌നിഫര്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള പോലീസ് നായകളുണ്ട്്. കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന പോലീസ് നായയാണ് ട്രാക്കര്‍. സ്്‌ഫോടകവസ്തുക്കളും മയക്കുമരുന്നുകളും മറ്റും കണ്ടെത്താന്‍ സഹായിക്കുന്നവയാണ് സ്‌നിഫറുകള്‍.

പോലീസ് അക്കാദമി


പോലീസ് സേനയിലുള്ളവര്‍ക്കും പുതുതായി വന്നുചേരുന്നവര്‍ക്കും പരിശീലനം നല്‍കുന്നത് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയാണ്. 2004 -ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് അക്കാദമി ഉദ്ഘാടനം ചെയ്തത്. ഐ.ജി. റാങ്കിലുള്ള ഡയറക്ടര്‍ ആണ് അക്കാദമിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 348 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പോലീസ് അക്കാദമിയില്‍ ഒരേസമയം രണ്ടായിരത്തോളംപേര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്, കോസ്റ്റല്‍ പോലീസ്, ഹൈവേ പോലീസ് ആന്‍ഡ് ഹൈവേ അലര്‍ട്ട്, മൗണ്ടഡ് പോലീസ്, പോലീസ് ബാന്റ ് എന്നീ വിഭാഗങ്ങളും കേരളപോലീസിലുണ്ട്

0 Comments

Post a Comment

Post a Comment (0)

Previous Post Next Post