പൂരക്കടലിളകുന്ന ആല്‍മരച്ചോട്ടില്‍ സ്നേഹത്തിന്‍െറ കാല്‍ച്ചിലങ്കകെട്ടി കൗമാരമേള കൊടിയേറുകയാണ്...ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ 52 ാമത് വേദിക്ക് സാക്ഷിയാവുന്നത് ശക്തന്‍െറ തട്ടകം.
നിറച്ചാര്‍ത്ത് പകര്‍ന്നാടുന്ന മേളക്കൊഴുപ്പില്‍ ചേര്‍ന്ന് നടക്കാന്‍ കൊതിക്കാത്തവരുണ്ടോ. ആസ്വാദനത്തിന്‍െറ വൈവിധ്യ രുചികള്‍ ഇന്നത്തെ മേളസദ്യയില്‍ ചിട്ടയായി ഒരുക്കിയത് നിരവധി കലാസ്നേഹികളുടെ കണ്ണീരും കഠിനാധ്വാനവും ചേര്‍ത്തുകെട്ടിയാണ്. ഈ കനക വസന്തങ്ങളുടെ ചരിത്ര വഴികളിലേക്കാണ് ഈ യാത്രപോകുന്നത്...
നിറച്ചാര്‍ത്ത് പകര്‍ന്നാടുന്ന മേളക്കൊഴുപ്പില്‍ ചേര്‍ന്ന് നടക്കാന്‍ കൊതിക്കാത്തവരുണ്ടോ. ആസ്വാദനത്തിന്‍െറ വൈവിധ്യ രുചികള്‍ ഇന്നത്തെ മേളസദ്യയില്‍ ചിട്ടയായി ഒരുക്കിയത് നിരവധി കലാസ്നേഹികളുടെ കണ്ണീരും കഠിനാധ്വാനവും ചേര്‍ത്തുകെട്ടിയാണ്. ഈ കനക വസന്തങ്ങളുടെ ചരിത്ര വഴികളിലേക്കാണ് ഈ യാത്രപോകുന്നത്...
കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന കാലത്ത് വിദ്യാഭ്യാസ ഡയറക്ടറായിരുന്നു ശാസ്ത്രജ്ഞനും കലാസ്വാദകനുമായ ഡോ. ഡി.എസ്. വെങ്കിടേശ്വരന്‍. ഒരിക്കല്‍ മൗലാനാ ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുവേണ്ടി ദല്‍ഹിയില്‍ സംഘടിപ്പിച്ച യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. കേരളത്തിലും ഇത്തരം മേള നടത്തണമെന്ന അദ്ദേഹത്തിന്‍െറ ചിന്തകളില്‍നിന്നാണ് സ്കൂള്‍ യുവജനോത്സവത്തിന് തുടക്കം കുറിച്ചത്. 1956 നവംബറില്‍ ഡി.ഇ.ഒ മാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ യുവജനോത്സവം എന്ന ആശയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഒരു പ്രത്യേക രൂപരേഖയൊന്നുമില്ലാതെയാണ് ആദ്യകലോത്സവത്തിന് ഒരുക്കം നടത്തിയത്. ജില്ലാ ഓഫിസുകള്‍ മുഖേന എല്ലാ സ്കൂളുകളെയും വിവരം അറിയിച്ചു. കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തുടര്‍ന്ന് 1956 ഡിസംബറില്‍ 12 ജില്ലകളിലും ജില്ലാ അടിസ്ഥാനത്തില്‍ കലോത്സവം നടത്തി.
അരങ്ങേറ്റം-എറണാകുളത്ത ് (1957)
1957 ജനുവരി 26 -അന്ന് എറണാകുളം ഒരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചു. എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ മൂന്നുനില അലങ്കാര പന്തലുകളില്ല. പതിനായിരക്കണക്കിന് കലാസ്വാദകരില്ല. മത്സരാര്‍ഥികളുടെ തള്ളിച്ചയില്ല. പത്തും 15ഉം വേദികളില്ല. ഗേള്‍സ് സ്കൂളിലെ ക്ളാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ അരങ്ങേറിയത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. പ്രസംഗം, പദ്യപാരായണം, ഉപകരണ സംഗീതം, ശാസ്ത്രീയ സംഗീതം, സിംഗിള്‍ ഡാന്‍സ് (5 ഇനങ്ങളില്‍ ആണ്‍/പെണ്‍ വെവ്വേറെ വിഭാഗങ്ങളില്‍), ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ളോ, ഷാഡോപ്ളേ എന്നിവയായിരുന്നു ഇനങ്ങള്‍. രണ്ടു ദിവസമായിരുന്നു കലോത്സവം. മത്സരാര്‍ഥികളും, അധ്യാപകരും എസ്.ആര്‍.വി സ്കൂളിലായിരുന്നു ഈ ദിവസങ്ങളില്‍ താമസിച്ചിരുന്നത്. വിദ്യാഭ്യാസവകുപ്പിന്‍െറ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന്‍ തമ്പുരാനായിരുന്നു കലോത്സവത്തിന്‍െറ നടത്തിപ്പ് ചുമതല.
സംഗീതത്തിനും നൃത്തത്തിനും ഉപവിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം എന്നിവ പ്രദര്‍ശനമായാണ് നടത്തിയത്. ഇന്നത്തെ പോലെ കൃത്യസമയത്ത് പ്രത്യേക പാനലില്‍ ചെയ്തു കൊടുക്കുകയല്ല, മറിച്ച് പ്രധാനധ്യാപകരുടെ സാക്ഷ്യ പത്രങ്ങളോടെ കൊണ്ടുവന്ന് വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. വിധികര്‍ത്താക്കള്‍ പരിശോധിച്ച് സ്ഥാനം നിശ്ചയിക്കും. ഗ്രൂപ്പിനത്തില്‍ പതിനൊന്നു പേര്‍ക്കുവരെ മത്സരിക്കാം.
ഭക്ഷണ ശാലകളില്ല. ഇന്ന് കലോത്സവങ്ങളില്‍ കലവറക്കും ഭക്ഷണശാലകള്‍ക്കും പ്രത്യേക പരിഗണന കിട്ടാറുണ്ട്. ഓരോ ദിവസത്തെ വിഭവങ്ങള്‍ക്കും പ്രത്യേക മെനു തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയവര്‍ക്ക് ഗേള്‍സ് ഹൈസ്കൂളിന്‍െറ സമീപത്തെ ഹോട്ടലുകളിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. ഭക്ഷണ ടിക്കറ്റ് നല്‍കിയിരുന്നു. യാത്രപ്പടിയും കിട്ടിയിരുന്നു. 12 മണിക്കൂറിലധികം യാത്രചെയ്യേണ്ടിവന്നവര്‍ക്ക് യാത്രാവേളയിലെ ഭക്ഷണത്തിനായി ആളൊന്നിന് ഒരുരൂപ വീതം അധികം നല്‍കിയിരുന്നു. ജനുവരി 27ന് വൈകീട്ട് ഫോര്‍ട്ട് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എം.എസ്. വെങ്കിട്ടരാമന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കലോത്സവ വിജയികള്‍ക്കായുള്ള സമ്മാന ദാനം നടന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വെങ്കിടേശ്വരന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളായിരുന്നു നല്‍കിയത്.
രണ്ടാം വര്‍ഷം- തിരുവനന്തപുരത്ത് (1958)
ആദ്യമന്ത്രിസഭ അധികാരമേറ്റതിനുശേഷമാണ് രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത്. 1958 ജനുവരിയില്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളിലാണ് കലോത്സവം അരങ്ങേറിയത്. മൂന്നു ദിവസങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിലാണ് മേള നടത്തിയത്. ഭരതനാട്യം പെണ്‍കുട്ടികള്‍ക്ക് മാത്രമേ പാടുള്ളൂവെന്നും ഗ്രൂപ്പിനങ്ങളില്‍ ആറുപേരില്‍ കൂടുതല്‍ പാടില്ളെന്നുമുളള നിബന്ധനകള്‍ 1958ലെ മത്സരങ്ങള്‍ മുതല്‍ നിലവില്‍ വന്നു.
താരങ്ങളായി യേശുദാസും ജയചന്ദ്രനും
തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ നടന്ന രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയ പീഠത്തില്‍ എത്തിയ രണ്ടുപേര്‍ പിന്നീട് സംഗീത ലോകത്തെ പ്രശസ്തരായിത്തീര്‍ന്നു. വായ്പാട്ടിന് പള്ളുരുത്തിയിലെ യേശുദാസനും (ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്), മൃദംഗത്തിന് ജയചന്ദ്രന്‍ കുട്ടനും (പി. ജയചന്ദ്രന്‍) ഒന്നാം സ്ഥാനം നേടിയത് ഈ മേളയിലാണ്.
മൂന്നാം വര്‍ഷം- ചിറ്റൂരില്‍ (1959)
മൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയായത് ചിറ്റൂരാണ്. പാലക്കാട് നടത്താന്‍ തീരുമാനിച്ചെങ്കിലും നഗരത്തില്‍ വസൂരി പടര്‍ന്നു പിടിച്ചതോടെ പാലക്കാടിന് അവസരം നഷ്ടപ്പെടുകയായിരുന്നു.
നാലാം വര്‍ഷം-കോഴിക്കോട് (1960)
നാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ നടന്നു. പത്രാധിപര്‍ കെ.പി.കേശവമേനോന്‍ ഉദ്ഘാടനം ചെയ്തു. 800ഓളം പേര്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു. ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധിക്കപ്പെട്ടു. ശാസ്ത്രീയ സംഗീതത്തില്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന് ഒന്നാം സ്ഥാനവും പാലാ സി.കെ. രാമചന്ദ്രന് രണ്ടാം സ്ഥാനവും ലഭിച്ചു.
അഞ്ചാം വര്‍ഷം തിരുവനന്തപുരത്ത് (1961)
അഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ വീണ്ടും തിരുവനന്തപുരത്തിന് അവസരം ലഭിച്ചു. കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളിലാണ് കലോത്സവം നടത്തിയത്. ഗവര്‍ണര്‍ വി.വി. ഗിരി മേള ഉദ്ഘാടനം ചെയ്തു.
ആറാം വര്‍ഷം- ചങ്ങനാശ്ശേരിയില്‍ (1962)
ആറാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. 1962ല്‍ ചങ്ങനാശ്ശേരിയില്‍ നടന്ന കലോത്സവത്തില്‍ ഓരോ വിഭാഗത്തില്‍നിന്നും ഓരോരുത്തരെ മാത്രം സംസ്ഥാന തലത്തിലേക്ക് പരിഗണിച്ചാല്‍ മതിയെന്ന നിയമം പരിഷ്കരിച്ചു. ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ എല്ലാവരെയും ഒറ്റക്കുള്ള ഇനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. മൂന്നുദിവസം നടത്തിയ മേളയില്‍ വിഭവസമൃദ്ധമായ സദ്യ എല്ലാ ദിവസവും ഏര്‍പ്പെടുത്തിയിരുന്നു.
ഏഴാം വര്‍ഷം-തൃശൂരില്‍ (1962)
ഏഴാമത് സംസ്ഥാനതല കലോത്സവം തൃശൂര്‍ മോഡല്‍ സ്കൂളിലാണ് നടന്നത്. 1962 നവംബര്‍ 29,30 ഡിസംബര്‍ ഒന്ന് എന്നീ തീയതികളിലായിരുന്നു കലോത്സവം. അങ്ങനെ 1962 കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടു കലോത്സവങ്ങള്‍ നടന്നു. എന്നാല്‍, 1963ല്‍ കലോത്സവം നടക്കാതെ വരുകയും ചെയ്തു. ഒരു വിദ്യാഭ്യാസ ജില്ലയില്‍നിന്ന് പരമാവധി 19 ആണ്‍കുട്ടികളും ഏഴു പെണ്‍കുട്ടികളുമടക്കം 26 പേര്‍ മാത്രമേ പങ്കെടുക്കാവൂവെന്ന് മത്സരാര്‍ഥികളുടെ എണ്ണം നിജപ്പെടുത്തിയത് തൃശൂരിലെ കലോത്സവത്തിലായിരുന്നു. കെ.എസ്. ഗോപാലകൃഷ്ണന് പുല്ലാങ്കുഴലിന് ഒന്നാം സ്ഥാനം ലഭിച്ചു.
എട്ടാം വര്‍ഷം -തിരുവല്ലയില്‍ (1964)
എട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരുവല്ല എസ്.സി.എസ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ഗ്രൂപ്പിനങ്ങളില്‍ ഒരു ജില്ലയില്‍ നിന്ന് ഒരു ഗ്രൂപ് എന്ന തീരുമാനമായി. ഭരതനാട്യം, നാടോടി നൃത്തം, എന്നിവയൊഴിച്ച് മറ്റെല്ലാ ഇനങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളായി. പ്രസംഗ മത്സരത്തില്‍ ഇഷ്ടഭാഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി.
ഒമ്പതാം വര്‍ഷം- ഷൊര്‍ണൂരില്‍ (1965)
ഒമ്പതാമത് കലോത്സവം ഷൊര്‍ണ്ണൂര്‍ ഹൈസ്കൂളില്‍ അരങ്ങേറി. കലോത്സവത്തിന് 10,250 രൂപയുടെ ബജറ്റായിരുന്നു.
ഇന്ത്യാ-പാക് യുദ്ധം; കലോത്സവങ്ങള്‍ക്ക് തടസ്സം
1966, 67, 72, 73 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നില്ല. പാകിസ്താനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ കലോത്സവങ്ങള്‍ക്ക് തിരിച്ചടിയായി.
കലോത്സവ സാന്നിദ്ധ്യമായി മന്ത്രിമാരും
1968ല്‍ തൃശൂരില്‍ നടന്ന പത്താമത് സംസ്ഥാന സ്കൂള്‍ കലോത്സവം വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം നിര്‍വഹിച്ചത് മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ നടന്ന മേളകളില്‍ മന്ത്രിമാരുടെ സാന്നിദ്ധ്യം നിറഞ്ഞു നിന്നു. അതോടെ കലോത്സവങ്ങള്‍ക്ക് മാധ്യമ ശ്രദ്ധനേടാന്‍ കഴിഞ്ഞു.
ജില്ലകളുടെ പതാകകള്‍
കലോത്സവത്തില്‍ അലങ്കരിച്ച പ്രത്യേകം വലിയ പന്തലുകളും ഉയര്‍ന്ന സ്റ്റേജും ഒക്കെ 1970 ആയപ്പോഴേക്കും നിലവില്‍വന്നു. 1971ല്‍ ആലപ്പുഴയില്‍ നടന്ന മേളയില്‍ എല്ലാ ജില്ലകളുടെയും പതാകകള്‍ ഉയര്‍ത്തുന്ന ചടങ്ങ് ഏര്‍പ്പെടുത്തി. സമ്മാനാര്‍ഹമായ ഇനങ്ങള്‍ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി.
കോഴിക്കോട്ട് ഘോഷയാത്ര തുടങ്ങി
കലോത്സവത്തിന് മുന്നോടിയായി ഘോഷയാത്ര ഒരുക്കുന്ന പതിവ് 1976ല്‍ കോഴിക്കോട് കലോത്സവത്തിലാണ് തുടങ്ങിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍െറ നേതൃത്വത്തിലാണ് ആദ്യ വര്‍ണശബളമായ ഘോഷയത്ര നടത്തിയത്. മാനാഞ്ചിറ മൈതാനി മുതല്‍ കലോത്സവ വേദിയായ സാമൂതിരി ഹൈസ്കൂള്‍ വരെയാണ് ഘോഷയാത്ര നടത്തിയത്.
ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക്
സ്വര്‍ണക്കപ്പ്
1987ലായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത്. വൈലോപ്പിള്ളി ശ്രീധരമേനോന്‍െറ നിര്‍ദേശ പ്രകാരം ചിത്രകാരനായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് കപ്പ് രൂപകല്‍പന ചെയ്തത്. കോഴിക്കോട് നടന്ന കലോത്സവത്തില്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണക്കപ്പ് സ്വന്തമാക്കി. 1985ല്‍ എറണാകുളത്ത് നടന്ന കലോത്സവ ഉദ്ഘാടന വേളയില്‍ വൈലോപ്പിള്ളിയാണ് മേളയിലെ ചാമ്പ്യന്മാരാകുന്ന ജില്ലക്കും വ്യക്തിഗത ചാമ്പ്യന്മാര്‍ക്കും സ്വര്‍ണക്കപ്പുകള്‍ ഏര്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയായ ടി.എം. ജേക്കബിന് മുന്നില്‍ നിര്‍ദേശം വെച്ചത്. തുടര്‍ന്നാണ് 1987 മുതലാണ് സ്വര്‍ണക്കപ്പ് നിലവില്‍ വന്നത്.
തിലകവും പ്രതിഭയും
തൃശൂരില്‍ 1986ല്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭപട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്‍. വിനീതും, കലാതിലകപട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. പിന്നീട് അറിയപ്പെടുന്ന സിനിമാ താരങ്ങളായി ഇരുവരും.നൃത്ത-നൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്ക് മാത്രം പ്രതിഭാ- തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം 1999 മുതല്‍ നിലവില്‍ വന്നു. തുടര്‍ന്നുള്ള പലവര്‍ഷങ്ങളിലും കലാപ്രതിഭാ പട്ടത്തിന് അവകാശികളില്ലാതെയായി. പിന്നീടുള്ള കലോത്സവ വേദികളില്‍ കലാതിലക പട്ടത്തിനായുള്ള പിടിവലി മത്സരാര്‍ഥികളുടെ രക്ഷിതാക്കളും നൃത്ത അധ്യാപകരും ഏറ്റെടുത്തു. അതോടെ, അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്‍െറ ഭാഗമായി പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. എം. ശ്രീലേഖയും, പ്രജോദ് വി.ഡെന്‍സിലും, എ.എസ്. ആദര്‍ശുമായിരുന്നു അവസാനമായി പട്ടങ്ങള്‍ നേടിയത്.
കലോത്സവ മാന്വല്‍
മത്സരങ്ങള്‍ക്കും നടത്തിപ്പിനും തുല്യമായ രൂപം കൈവരുത്താന്‍ 1992ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ കലോത്സവ മാന്വല്‍ പുറത്തിറക്കി. എല്‍.പി തലത്തില്‍ മാത്രമായിരുന്ന ബാലകലോത്സവം യു.പിതലം വരെയാക്കി. ജില്ലാതലം വരെ പരിധി നിശ്ചയിച്ചു. സംസ്ഥാനതല മത്സരങ്ങള്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാത്രമാക്കി.
അറബി സാഹിത്യോത്സവം-സംസ്കൃതോത്സവം കടന്നുവരവ്
യുവജനോത്സവവും സംസ്കൃതോത്സവവും സമന്വയിപ്പിച്ച് 1992ല്‍ ഒരു മേളയാക്കി. 1995ലെ ടി.ടി.ഐ കലോത്സവം, പി.പി.ടി.ടി.ഐ കലോത്സവം എന്നിവ മേളയുടെ ഭാഗമാക്കി. 2009ല്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയെല്ലാം ചേര്‍ത്ത് ഒരു മഹാമേളയാക്കാന്‍ തീരുമാനമായി. ടി.ടി.ഐ കലോത്സവങ്ങള്‍ ഇതോടെ വേര്‍പ്പെടുത്തി.
ഗ്രേഡിങ് സംവിധാനം
2006ല്‍ ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നു. ആദ്യ മൂന്ന് സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന രീതി ഉപേക്ഷിച്ചു.
Subscribe to PSC HELPER G.K by Email
Post a Comment