സൂപ്പര്‍നോവയെന്നു വിളിക്കുന്ന നക്ഷത്രസ്‌ഫോടനങ്ങളെ നിരീക്ഷിച്ച് ഇവര്‍ നടത്തിയ ഗവേഷണം മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്ത പ്രപഞ്ചം അന്നുമുതല്‍ വികസിച്ചുകൊണ്ടേിയിരിക്കുകയാണെന്ന സിദ്ധാന്തം ശരിവെക്കുന്നതായിരുന്നു. എന്നാല്‍, ഈ വികാസത്തിന്റെ വേഗം കൂടിക്കൂടിവരികയാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ശാസ്ത്രലോകത്തെയറിയിച്ചു.
ഇന്ധനം തീരുന്ന നക്ഷത്രം ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുന്ന അവസ്ഥയാണ് സൂപ്പര്‍നോവ. എല്ലാ സൂപ്പര്‍നോവകളുടെയും സ്‌ഫോടന തീവ്രത ഏറെക്കുറെ സമാനമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നു ദൃശ്യമാകുന്ന പ്രകാശമാനം അവയിലേക്കുള്ള അകലത്തിന്റെ സൂചകമായെടുക്കാം. പ്രകാശരാജിയിലെ വര്‍ണവ്യത്യാസത്തില്‍ നിന്ന് എത്രവേഗത്തിലാണവ നീങ്ങുന്നതെന്നും മനസ്സിലാക്കാം. കൂടുതല്‍ ദൂരത്തിലുള്ള സൂപ്പര്‍നോവകള്‍ അടുത്തുള്ളവയെ അപേക്ഷിച്ചു മന്ദഗതിയിലാണ് നീങ്ങുന്നത് എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍, ദൂരം കൂടുന്നതിനനുസരിച്ച് അവ അകലുന്നതിന്റെ വേഗവും കൂടിവരികയാണെന്ന് മൂന്നു ഗവേഷകരും കണ്ടെത്തി. പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗം കൂടിക്കൂടി വരികയാണ് എന്നാണതിന്നര്‍ഥം.
പ്രപഞ്ച വിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഈ കണ്ടെത്തല്‍ അസ്വസ്ഥ ജനകമായ ചോദ്യങ്ങള്‍ക്കും അതിനുത്തരമായി പുതിയ സിദ്ധാന്തങ്ങള്‍ക്കും വഴിയൊരുക്കി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം സാന്ദ്രത നന്നെ കുറഞ്ഞ് തണുത്തുറഞ്ഞ ശൂന്യതയായി അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് അതോടെയാണ് ശാസ്ത്രജ്ഞര്‍ ചിന്തിച്ചുതുടങ്ങിയത്. പ്രപഞ്ച ഗോളങ്ങള്‍ വികസിച്ച് അകലുമ്പോഴുണ്ടാകുന്ന പ്രാപഞ്ചിക ശൂന്യതയില്‍ ശ്യാമദ്രവ്യം എന്ന അജ്ഞാത പദാര്‍ഥം വന്നു നിറയുമെന്ന സിദ്ധാന്തമായിരുന്നു അടുത്തത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ആകാശ ഗോളങ്ങളെ ഇങ്ങനെ വലിച്ചകറ്റുന്നത് ശ്യാമോര്‍ജമാണെന്ന ആശയം അതൊടൊപ്പം വന്നു. ഇപ്പോഴത്തെ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന്റെ 70 ശതമാനവും ശ്യാമോര്‍ജമാണ്. 25 ശതമാനം ശ്യാമദ്രവ്യമാണ്. അഞ്ചു ശതമാനം മാത്രമാണ് നമുക്കറിയാവുന്ന പദാര്‍ഥങ്ങള്‍.
ബെര്‍ക്ക്‌ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സോള്‍ പേള്‍മറ്റര്‍ (52) 1988-ല്‍ തുടങ്ങിയ സൂപ്പര്‍നോവ കോസ്‌മോളജി പദ്ധതിയുടെ തലവനാണ്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ റീസും(41) ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഷ്മിഡറ്റും(44) 1994-ല്‍ സമാന ഗവേഷണവുമായി ഹൈ-സെഡ് സൂപ്പര്‍നോവ സെര്‍ച്ച് ടീമിന്റെ ഭാഗമായി. പ്രപഞ്ചവിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു ഇതെന്ന് നൊബേല്‍ സമ്മാന ജൂറി വിലയിരുത്തി.
കടപ്പാട്:-മാത്രുഭൂമി
Subscribe to PSC HELPER G.K by Email
Post a Comment