സാമ്പത്തിക നൊബേല്‍ ആദ്യമായി വനിതയ്ക്ക്‌


സ്റ്റോക്‌ഹോം: വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണമേര്‍പ്പെടുത്തേണ്ടതിന്റെയും പ്രകൃതി വിഭവങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം തദ്ദേശ ജനസമൂഹത്തിനു നലേ്കണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ യു.എസ്. ഗവേഷകര്‍ക്ക് സാമ്പത്തികശാസ്ത്ര നൊബേല്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ധനനിയന്ത്രണ തത്ത്വങ്ങള്‍ക്കുള്ള പ്രസക്തിയെടുത്തുകാണിച്ച എലിനോര്‍ ഓസ്‌ട്രോമും ഒലിവര്‍ വില്യംസണുമാണ് പുരസ്‌കാരം പങ്കുവെച്ചത്. സാമ്പത്തികശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ വനിതയാണ് എലിനോര്‍.

അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ പ്രൊഫസറായ എലിനോര്‍ ഓസ്‌ട്രോം പരസ്​പര സഹകരണം മനുഷ്യ സമൂഹത്തിന്റെ പൊതുസ്വഭാവമാണെന്നും പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ ബാഹ്യ ഇടപെടലുകള്‍ ആവശ്യമില്ലെന്നുമുള്ള ആശയമാണ് മുന്നോട്ടുവെച്ചത്. കാട്, ജലാശയം, മത്സ്യസമ്പത്ത്, വളം തുടങ്ങിയ വിഭവങ്ങളുടെ നിയന്ത്രണം നാട്ടുകാരുടെ ഉപഭോക്തൃ സംഘങ്ങള്‍ക്കു തന്നെയാവണം. ഇവ കൈകാരം ചെയ്യാന്‍ പുറമെനിന്ന് ഉദ്യോഗസ്ഥരെത്തേണ്ട കാര്യമില്ല; സ്വകാര്യവത്കരണവും ആവശ്യമില്ല. ജനകീയാസൂത്രണം പോലുള്ള പങ്കാളിത്ത വികസന പദ്ധതികളുടെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് എലിനോറിന്റെ സാമ്പത്തിക സിദ്ധാന്തം.

പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാനാണു സാധ്യതയെന്ന ചിന്താഗതി തെറ്റെന്നു തെളിയിക്കുന്നതാണ് എലിനോറിന്റെ പഠനങ്ങളെന്ന് നൊബേല്‍ പുരസ്‌കാര സമിതി ചൂണ്ടിക്കാണിച്ചു. സാമ്പത്തികശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ വനിതയായതില്‍ സന്തോഷമുണ്ടെന്ന് എലിനോര്‍ പ്രതികരിച്ചു. ഈ വര്‍ഷം നൊബേല്‍ ലഭിക്കുന്ന അഞ്ചാമത്തെ വനിതയാണ് എലിനോര്‍. നൊബേല്‍ സമ്മാന ചരിത്രത്തില്‍ ഇതും റെക്കോഡാണ്.

വന്‍കിട സ്വകാര്യ കമ്പനികളുടെ ദുര്‍നടപടികള്‍ ചെറുക്കേണ്ടത് അവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കര്‍ശന നിയമങ്ങളിലൂടെയാണെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വില്യംസണിന്റെ പഠനം സ്ഥാപിക്കുന്നത്. ഭീമന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തകരുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ പഠനത്തിനു പ്രസക്തി ഏറെയാണെന്ന് നൊബേല്‍ സമിതി ചൂണ്ടിക്കാണിച്ചു.

ഒരു കോടി സ്വീഡിഷ് ക്രോണറി (6.72 കോടി)ന്റെ പുരസ്‌കാരത്തുക എലിനോറും വില്യംസണും പങ്കുവെക്കും. നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്കിത്തുടങ്ങി വര്‍ഷങ്ങള്‍ക്കുശേഷം 1968 ലാണ് സാമ്പത്തിക ശാസ്ത്രത്തിനും പുരസ്‌കാരം നല്കാനാരംഭിച്ചത്. ബാങ്ക് ഓഫ് സ്വീഡന്‍ പ്രൈസ് ഇന്‍ ഇക്കണോമിക് സയന്‍സ് എന്നാണിതിന്റെ യഥാര്‍ഥ പേരെങ്കിലും നൊബേല്‍ സമ്മാനം എന്നുതന്നെയാണിത് അറിയപ്പെടുന്നത്. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم